"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Friday, 14 February 2025

ഡോളറിന്റെ മൂല്യം മാറുന്നത് എങ്ങനെയാണെന്ന് അറിയാത്തവർക്കായി അതൊന്നു ചുരുക്കി പറയാം

 ഡോളറിന്റെ മൂല്യം മാറുന്നത് എങ്ങനെയാണെന്ന് ചോദിച്ചു ഗ്രൂപ്പിൽ ഒരു സുഹൃത്ത് പോസ്റ്റിട്ടിരുന്നത് കണ്ടിരുന്നു.  അപ്പൊ അറിയാത്തവർക്കായി അതൊന്നു ചുരുക്കി പറയാം എന്നു കരുതി. 

ആരാണ് ഈ വില നിശ്ചയിക്കുന്നത്? 

ട്രമ്പ് അണ്ണൻ ആണോ?

പുടിൻ ആണോ?

അതോ ഇല്ലുമിനാറ്റിയോ?

വാ നോക്കാം.

സംഭവം പൂർണ്ണമായും സയൻസ് ഒന്നുമല്ല. ശുദ്ധ എക്കണോമിക്‌സ് ആണ്. പക്ഷെ അത് തിയറി പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ടു ഒരു കഥ പോലെ പറഞ്ഞു നോക്കാം. പിടികിട്ടുമോ എന്നു നോക്കൂ

നാട്ടിലെ കൊച്ചു പ്രമാണിയാണ് കൊങ്കിണികാരൻ സൈദാർ സേട്ട്. 

സേട്ടിന് ടൗണിൽ ഹോട്ടൽ ഉണ്ട്. അവിടെ പണിക്ക് നിൽക്കുന്ന രണ്ടു പണിക്കാരും. മൊയ്ദുവും തമിഴൻ മണിയും.  സേട്ടുവിനു ഹോട്ടൽ കൂടാതെ ഒരു തിയേറ്ററും ബാറും പച്ചക്കറിക്കടയും ഉണ്ട്. ഈ മൊയ്ദുവും മണിയും  വാടകക്ക് താമസിക്കുന്നു. ആ വീട് ഉടമയും സേട്ട് തന്നെയാണ്. 

നല്ലവനായ മുതലാളിയായതിനാൽ പണിക്കാർക്ക് രണ്ടുപേർക്കും മാസാമാസം ഇരുപതിനായിരം രൂപാ വെച്ചു ശമ്പളവും എണ്ണികൊടുക്കുന്നു സേട്ട്. 

അങ്ങനെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോയിക്കൊണ്ടിരുന്നപ്പോൾ മണിയുടെ ഭാര്യക്ക് ഒരാഗ്രഹം. കയ്യിലെ നോക്കിയ ഫോണ് മാറ്റി വാട്‌സ്ആപ്പ് ഒക്കെയുള്ള സ്മാർട്ട് ഫോണ് ആക്കണം. പക്ഷെ റൊക്കം കാശില്ല. എന്നാൽ കയ്യിലെ വള വിൽക്കെന്ന് മണി. അമ്പതിനായിരം രൂപ കിട്ടുമെന്ന് ജ്വല്ലറികാരൻ രാമേട്ടൻ പറഞ്ഞു. പക്ഷെ സീതാമ്മക്ക് സ്വർണ്ണം വിൽക്കാൻ മടി. 

രക്ഷകനായി ജംക്ഷണിലെ മൊബൈൽ കടക്കാരൻ ആന്റണി അവതരിച്ചു. റൊക്കമൊന്നും വേണ്ട,  അടവിന് തരാമെന്നു കടക്കാരൻ ആന്റണി. മാസം വെറും ആയിരം രൂപാ മതി. സന്തോഷത്തോടെ മണിയോട് കാര്യം പറഞ്ഞിട്ടും മണിയുടെ മുഖം തെളിയുന്നില്ല. നിങ്ങൾ പോയി സേട്ടിനോട്  ശമ്പളം കൂട്ടിത്തരാൻ പറ എന്ന് സീതമ്മ. ആയിരം പോയിട്ട് നൂറ് മാസം മിച്ചം ഉണ്ടെങ്കിൽ ഞാൻ രണ്ടു സ്മാൾ കൂട്ടി അടിച്ചേനെ എന്നു മണി മനസിൽ മാത്രം പറഞ്ഞു. 

എന്തായാലും പിറ്റേ ദിവസം മുതലാളിയെ കണ്ടപ്പോൾ എക്സ്ട്രാ ഒരിഞ്ച് കൂട്ടി ചിരിച്ച ശേഷം മണി കാര്യം അവതരിപ്പിച്ചു. മണിയുടെ കണ്ണിലെ ആർദ്രഭാവം കണ്ടാണോ  എന്നറിയില്ല സേട്ട് അധികം ഒഴിവുകഴിവ്‌ പറയാതെ കൂട്ടാം എന്നു പറഞ്ഞു. ഇത് കേട്ട് നിന്ന മൊയ്ദുവും വെറും നോട്ടം കൊണ്ടു ആയിരം കൂട്ടിയെടുത്തു.  സ്നേഹം കൊണ്ടല്ല,  അവൻ ചായക്ക് പകരം വേറെ വല്ലതും ആൾക്കാർക്ക് കൊടുത്തു എന്നെ സ്റ്റേഷൻ കേറ്റിക്കും  എന്നു സേട്ടുവിന് അറിയാവുന്നത് കൊണ്ടു മാത്രം. 

ഇപ്പൊ എല്ലാവരും ഹാപ്പി. സെയ്ദുവും മണിയും സീതമ്മയും എല്ലാം.

പക്ഷെ കളികൾ ഇവിടെ തുടങ്ങുകയായി.

ഇവർക്ക് രണ്ടു പേർക്കും രണ്ടായിരം കൊടുത്തു. ഇതേ പോലെ ബാറിൽ എല്ലാവർക്കും ആയിരം കൊടുത്തു. തിയേറ്ററിലും. മൊത്തം സേട്ടിന്റെ വരുമാനത്തിൽ മാസം ഒരു ലക്ഷം രൂപ ഇടിവ്.  പുതിയ ബ്ലാക്ക് താർ അടവടക്കുന്നില്ലേ എന്ന ചോദ്യഭാവത്തിൽ പോർച്ചിൽ കിടന്നു നോക്കി. ടെൻഷനായ സേട്ട് ഫോണെടുത്തു തന്റെ കടകളിലേക്ക് വിളിച്ചു. എല്ലാം പയ്യെ ഒന്നു കൂട്ടിക്കോ എന്ന നിർദേശം എത്തി. അങ്ങനെ പത്തു രൂപയുള്ള വട പന്ത്രണ്ടായി. ബിരിയാണി നൂറ്റമ്പത് മാറി നൂറ്റെഴുപതായി. ബാറിലെ കള്ള് ഇരുന്നൂറ് മാറി മുന്നൂറായി. സിനിമാ ടിക്കറ്റ് നൂറ്റി ഇരുപത് മാറി നൂറ്റി അമ്പതായി. പച്ചക്കറി എല്ലാത്തിനും കിലോക്ക് പത്തു രൂപാ വെച്ചു കേറ്റി. ഇപ്പോ ശരിയായി എന്ന ഭാവത്തിൽ  താർ പുഞ്ചിരിച്ചു. 

പിറ്റേ ദിവസം ശമ്പളം എല്ലാവർക്കും കിട്ടി. പക്ഷെ പ്രശ്നങ്ങൾ തുടങ്ങുകയായി. മണി കാശും കൊണ്ടു വീട്ടിലേക്ക് പോകും വഴി മിനുങ്ങാൻ കയറിയപ്പോൾ പുതിയ മെനു കാർഡ്. വലതു വശത്തു മാത്രം മാറ്റം. തമിഴിൽ എന്തോ മുടിയുടെ പേരും പറഞ്ഞ് മണി കാശെടുത്തു വീശി. ഇറങ്ങി പോകുന്ന വഴി പച്ചക്കറിയും വാങ്ങി. ആഴ്ച തീരാറയപ്പോൾ സീതമ്മയെയും കൂട്ടി പോയി സിനിമയും കണ്ടു. വരുന്ന വഴി രണ്ടു ബിരിയാണിയും കേറ്റി. അതേ, സ്വന്തം കടയിൽ നിന്ന് തന്നെ. രണ്ടു മൂന്ന് ആഴ്ചകൾ കടന്നു പോയി. ആഴ്ചയിൽ ഒരു മിനുങ്ങളും പതിവ് തെറ്റിക്കാതെ മണി തുടർന്നു. മാസം തീരാറായി. എവിടെ ആയിരം എന്നു സീതമ്മ ചോദിച്ചപ്പോൾ പേരിൽ മാത്രം മണിയുള്ള മണി കൈ മലർത്തി. നിങ്ങൾ കുടിച്ചു നശിപ്പിച്ചെന്ന് എകോണോമിക്സ് അറിയാത്ത സീതമ്മ. തന്റെ സ്ഥിരം ക്വാട്ട അല്ലാതെ ഒരു തുള്ളി അടിച്ചില്ലെന്നു കട്ടായം പറഞ്ഞു മണി. ഇതെന്ത് മറിമായമെന്ന് ആകെ തലപുകഞ്ഞു. 

ഫോണ് വാങ്ങൽ എന്തയാലും അങ്ങനെ റദ്ദ് ചെയ്യപ്പെട്ടു.

അങ്ങനെ ആറു മാസം കഴിഞ്ഞു. മണി വീണ്ടും  ചിരിച്ചു. സേട്ട് ആയിരം കൂടി കൂട്ടി. വാഴ നനയുമ്പോൾ ചീര നനയും എന്നു പറഞ്ഞ പോലെ മൊയ്ദുവിനും കിട്ടി. സേട്ടു വീണ്ടും താറിൽ വീട്ടിൽ എത്തി. ഫോണ് കോളുകൾ പാഞ്ഞു. മെനു കാർഡുകൾ പുതിയവ പ്രിന്റ് ചെയ്യപ്പെട്ടു. 

മാസാവസാനം മണിയും സീതമ്മയും വീണ്ടും ഉടക്കി. വർഷങ്ങൾ കടന്നു പോയി. സീതമ്മ ഇന്നും ചീവീടു ശബ്ദത്തിൽ അടിക്കുന്ന റബ്ബർബാന്റിട്ട നോക്കിയാ ഫോണിൽ തന്നെ. ഒരെത്തും പിടിയും കിട്ടാതെ മണിയും. 

അങ്ങനെ അവസാനം വളയെങ്കിൽ വള എന്നും പറഞ്ഞ് സീതമ്മ നടന്നു. സ്വർണ്ണ വില കൂടിയെന്നും പറഞ്ഞ് രാമേട്ടൻ അറുപതിനായിരം രൂപാ കൊടുത്തു. അമ്പത്തിനു പകരം അറുപത് കിട്ടിയ സന്തോഷത്തിൽ സീതമ്മ. 

പക്ഷെ ഫോണ് വാങ്ങാൻ ചെന്നപ്പോൾ പണ്ട് പതിനായിരം പറഞ്ഞ ഫോണിന് ആന്റണി പതിനയ്യായിരം ആക്കി എന്നറിഞ്ഞു സീതമ്മയുടെ മനസു വിഷമിച്ചു. എന്നാലും സീതമ്മ ഫോണ് വാങ്ങി.

കട പൂട്ടി പത്തു മണിക്ക് പോകുമ്പോൾ സേട്ടുവിന്റെ ബാറിലെ എസിയുടെ കുളിർമ്മയിൽ ഒരെണ്ണം അടിച്ചു പോകുന്ന ആന്റണിക്കും ജീവിതച്ചെലവ് കൂടിയല്ലോ. പച്ചക്കറി വാങ്ങുമ്പോൾ തേഞ്ഞു തുടങ്ങിയതും  ഉച്ചക്ക് ബിരിയാണി കഴിക്കാൻ  സേട്ടുവിന്റെ കടയിൽ പോകുമ്പോൾ ഇരുന്നൂറ് ആകുന്നതും പിന്നെ താൻ സഹിക്കണോ എന്നാണ് ആന്റണിയുടെ മനസിലെ  വാദം. 

ഇവിടെ എന്താണ് നടന്നതെന്ന് മനസ്സിലായല്ലോ അല്ലെ.? അതോ സീതമ്മക്ക് കൂട്ടാണോ? 

 നിങ്ങൾ ഇപ്പോൾ കണ്ടതാണ് ഇൻഫ്ലേഷൻ എന്ന പ്രതിഭാസം.

അതായത്  പണത്തിന്റെ മൂല്യം ഊതിവീർപ്പിച്ചുണ്ടക്കുന്ന പരിപാടി.

കഥയിൽ സ്വർണ്ണത്തിനു പകരം ഡോളർ ആക്കി വായിച്ചാൽ ഇൻഡ്യയിൽ ഡോളറിന്റെ മൂല്യം കൂടുന്നതും കുറയുന്നതും പിടികിട്ടും. 

സേട്ട് ആണ് ഗവണ്മെന്റ്.

നാട്ടിൽ ഇപ്പോൾ സ്വർണ്ണത്തിന്റെ വില കുതിച്ചു കയറുന്നതും ഇതിന്റെ ഭാഗം തന്നെയാണ്.

നിക്ഷേപങ്ങളിൽ പണം ഇട്ടാൽ ഇരുപതു വർഷം കഴിയുമ്പോൾ ഇരട്ടിക്കും എന്നൊക്കെ പറയുന്നതും ഈ ലോജിക്ക് മാത്രം.യഥാർത്ഥത്തിൽ  അന്ന് കിട്ടുന്ന കാശു കൊണ്ടു ആദ്യം നമ്മൾ  നിക്ഷേപിക്കുന്ന കാശിനു ഇന്ന് എന്തു വാങ്ങാൻ പറ്റുമോ അതൊക്കെ തന്നെയേ അന്നും വാങ്ങാൻ കഴിയൂ എന്നതാണ് സത്യം. അല്ലാതെ ലാഭമൊന്നുമില്ല. ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റും പരിപാടി ഇതു തന്നെ.

കാര്യം പുടിഞ്ഞിതാ.

വാൽക്കഷ്ണം. ഇൻഡ്യയിൽ 1947ൽ ഒരു രൂപ = 1 ഡോളർ ആയിരുന്നു.


Friday, 16 September 2022

മ്യൂച്വൽ ഫണ്ടുകൾ

 *മ്യൂച്വൽ ഫണ്ടുകൾ*

(Mutual Funds) ലളിതമായി പറഞ്ഞാൽ ഒരു കൂട്ടം ആളുകൾ അഥവാ നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത്

രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്.

ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക.തുടർന്ന് ഇക്വിറ്റികളായും ബോണ്ടുകളായും , മണി മാർക്കറ്റ് ,ഉപകരണങ്ങളായും മറ്റു ധനകാര്യസെക്യൂരിറ്റികളായും.ഈ പണം നിക്ഷേപിക്കപ്പെടുന്നു.ഓരോ നിക്ഷേപകനും ആകെ ഫണ്ടിന്റെ ഭാഗമായ യൂണിറ്റുകളുടെഉടമസ്ഥാവകാശം ഉണ്ടാകും.

ഫണ്ടിന്റെ നെറ്റ് ആസ്തി മൂല്യം (എൻഎവി).കണക്കാക്കിയതിന് ശേഷം വേണ്ട ചെലവുകൾ കിഴിച്ച് ഫണ്ടിൽ നിന്നുമുള്ള വരുമാനം.

നിക്ഷേപകർക്കിടയിൽ ആനുപാതികമായി വിതരണം ചെയ്യും.

*More Details Contact👇* https://wa.me/message/7DJT3BX2OQTUG1

Friday, 8 October 2021

എന്താണ് ഓഹരി വിപണി?

1956ലെ ഇന്ത്യന്‍ കമ്പനി നിയമം അനുസരിച്ച് പബ്ലിക് കമ്പനികള്‍ക്ക് കമ്പനിക്ക് പുറമെയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി നല്‍കി പണം സമാഹരിക്കുവാന്‍ അധികാരമുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന പണമാണ് കമ്പനിയുടെ മൂലധനം.  ഇങ്ങനെ ഒരു കമ്പനി നേരിട്ട് പൊതു ജനങ്ങൾക്ക് ഷെയറുകൾ ഇഷ്യൂ ചെയ്യുന്ന മാർക്കറ്റിനെയാണ് പ്രൈമറി മാർക്കറ്റ് എന്ന് വിളിക്കുന്നത്.  കമ്പനിയുടെ വിൽക്കാൻ ഉദ്ദേശിക്കുന്ന മൂലധനത്തെ ഒരു നിശ്ചിത അനുപാതത്തിൽ, ഒരു നിശ്ചിത വില നിർവചിച്ചു കൊണ്ട് വിഭജിച്ചു നൽകുന്നതിനെ ആണ് ഷെയർ അല്ലെങ്കിൽ ഓഹരി എന്ന് പറയുന്നത്. കമ്പനികളുടെ ഓഹരി കൈവശം ഉള്ള ആളുകളെ പറയുന്ന പേരാണ് ഷെയർ ഹോൾഡർ.

 അങ്ങനെ നമ്മൾ ആ കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ വാങ്ങുന്ന തോടെ നമ്മൾ ആ കമ്പനിയുടെ ഉടമസ്ഥന്മാരിൽ ഒരാളായി മാറുന്നു.

ആദ്യ കാലത്ത്, ഇങ്ങനെ നിക്ഷേപിക്കുന്ന പണം നിക്ഷേപകന് കമ്പനി അടച്ചുപൂട്ടുന്ന സമയത്ത് മാത്രമേ തിരിച്ചു കിട്ടുമായിരുന്നുള്ളൂ.  ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം അത് നൂറ്റാണ്ടുകളോളം നിലനില്‍ക്കുമെന്നതിനാല്‍ നിക്ഷേപകന് മുടക്കിയ പണം തിരിച്ച് കിട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.   അങ്ങനെ വരുമ്പോൾ ഈ കമ്പനികളിൽ നിക്ഷേപിക്കാൻ ആളുകൾക്ക് താല്പര്യം കുറവായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?. 

 എന്നാല്‍ രാജ്യത്ത് വലിയ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ ഉയര്‍ന്നു വരണമെങ്കില്‍ ധാരാളം മൂലധനം ആവശ്യമാണ്. അതിനായി കൂടുതല്‍ വ്യക്തികളും സംരംഭങ്ങളും  കമ്പനികളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായേ മതിയാകൂ. ഇതിനാവശ്യമായ സാഹചര്യം രാജ്യത്തില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെക്കന്ററി മാർക്കറ്റ് അല്ലെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിലവിൽ വരുന്നത്.   ഓഹരി വിപണി എന്ന് നമ്മൾ പൊതുവായി വിളിക്കുന്നത് ഈ സെക്കണ്ടറി മാർക്കറ്റിനെയാണ്. 

 പബ്ലിക് ലിസ്റ്റഡ് ആയ കമ്പനികളുടെ ഓഹരികൾ വിൽക്കുകയും വാങ്ങുകയും നടക്കുന്ന സ്ഥലത്തെ അല്ലെങ്കിൽ പ്ലാറ്റ്ഫോമിനെ അല്ലെങ്കിൽ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിനെ ആണ് ഓഹരി വിപണി (ഷെയർ മാർക്കറ്റ്) എന്ന് വിളിക്കുന്നത്.

സെൻട്രൽ  ഗവണ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച്  ബോർഡ് ഓഫ് ഇന്ത്യ (SEBI ) ആണ് ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുകയും നമ്മുടെ പണം സുരക്ഷിതമായി ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നത്. 

കമ്പനികളുടെ ഓഹരികള്‍ വാങ്ങുവാനും ആവശ്യമുള്ളപ്പോള്‍ വില്‍ക്കുവാനും ഓഹരി വിപണി അവസരം നല്‍കുന്നു.  വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികള്‍  മാത്രമേ ഇങ്ങനെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി  വാങ്ങാനും വിൽക്കാനും സാധിക്കുകയുള്ളൂ.  ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെടണമെങ്കില്‍ കമ്പനികള്‍ സെബിയുടെയും എക്സ്ചേഞ്ചുകളുടെയും ഒത്തിരി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ പല നിര്‍ദ്ദേശങ്ങളും നിക്ഷേപകന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.

ഇന്ത്യയിലെ രണ്ട് പ്രധാന സ്റ്റോക്ക് എക്സ്ചെയ്ഞ്ചുകൾ ആണ് നാഷണൽ സ്റ്റോക്ക് എക്സ്ചെയ്ഞ്ചും ( NSE) ബോംബെ സ്റ്റോക്ക് സ്റ്റോക്ക് എക്സ്ചെയ്ഞ്ചും (BSE). ഓഹരി വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ  മുകളിൽ പറഞ്ഞ സ്റ്റോക്ക് എക്സ്ചെയ്ഞ്ചുകളിൽ രജിസ്റ്റർ ചെയ്യപ്പെടുകയും അതിലൂടെ അവരുടെ ഓഹരികൾ പൊതു ജനങ്ങൾക്ക് വാങ്ങാനും വിൽക്കാനും ലഭ്യമാവുകയും ചെയ്യുന്നു.  ചില കമ്പനികൾ ഈ രണ്ടു എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യുമ്പോൾ ചില കമ്പനികൾ ഏതെങ്കിലും ഒന്നിൽ മാത്രമാവും ലിസ്റ്റ് ചെയ്യപ്പെടുന്നത്.  ഇതിൽ ഒരു എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയ ഷെയറുകൾ ആ എക്സ്ചേഞ്ചിൽ മാത്രമല്ല, രണ്ടാമത്തെ എക്സ്ചേഞ്ചിലും  നമുക്ക് വിൽക്കാൻ സാധിക്കും. 

 എന്തിനാണ് നമ്മൾ ഓഹരികൾ വാങ്ങുന്നത്? 

പ്രധാനമായും രണ്ടു ഗുണങ്ങളാണ് ഓഹരി വാങ്ങുന്നത് വഴി ഷെയർ ഹോൾഡറിന് ലഭിക്കുന്നത്

 ഓഹരിവില ഉയരുമ്പോൾ ഉണ്ടാകുന്ന ലാഭം 

കമ്പനി നൽകുന്ന ഡിവിഡൻറ്

ആരാണ് സ്റ്റോക്ക് ബ്രോക്കർ? 

സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ അംഗങ്ങളാണ് ബ്രോക്കർമാർ. സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിൽ നിന്നുകൊണ്ട് വാങ്ങലും വില്പനയും നടത്താൻ അനുവാദമുള്ളത് ഇവർക്ക് മാത്രമാണ്.   ആദ്യമായി ഒരു കമ്പനി ഷെയറുകൾ പുറത്തിറക്കുമ്പോൾ (IPO) അത് നമുക്ക് കമ്പനിയിൽ നിന്ന് (മർച്ചന്റ് ബാങ്കർ വഴി) നേരിട്ട് വാങ്ങാമെങ്കിലും പിന്നീട് അത് വിൽക്കുകയും വാങ്ങുകയും ചെയ്യണമെങ്കിൽ ബ്രോക്കർ വഴി മാത്രമേ സാധിക്കൂ.  ഓഹരി വിപണിയിലൂടെ ഇടപാടുകൾ നടത്താൻ നമ്മൾ ഒരു ഡെപ്പോസിറ്ററിയിൽ (NSDL / CDSL )  ഡീമാറ്റ് അക്കൗണ്ടും ബ്രോക്കറുടെ അടുത്ത് ട്രേഡിങ്ങ് അക്കൗണ്ടും തുടങ്ങേണ്ടതുണ്ട്.  ഇത് രണ്ടും തുടങ്ങാനും ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാനും  ബ്രോക്കർ നമ്മെ സഹായിക്കുന്നു. 

 സെൻസെക്സ് നിഫ്റ്റി എന്നിവ എന്താണ്?  

സെൻസെക്‌സും  നിഫ്റ്റിയും ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു ഓഹരി സൂചികകളാണ്.   ഓഹരിവിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാണിക്കുന്ന ഒരു സ്ഥിതിവിവരക്കണക്കാണ് സ്റ്റോക്ക് മാർക്കറ്റ് സൂചിക.   ബോംബെ സ്റ്റോക്ക് എക്ഷ്ചേഞ്ചിന്റെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്സ് (സെൻസിറ്റിവ് ഇൻഡെക്സ്). തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ (free-float Market Capitalization) അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത്. വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചികയാണ് നിഫ്റ്റി.  അൻപത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് നിഫ്റ്റി മൂല്യം കണക്കാക്കുന്നത്. തിരഞ്ഞെടുത്ത കുറച്ച് ഷെയറുകളുടെ വില മാത്രമെടുത്താണ് സെൻസെക്‌സും നിഫ്റ്റിയും കണക്കു കൂട്ടുന്നതെങ്കിലും ഈ ഇൻഡെക്സുകളിൽ  ഉണ്ടാവുന്ന ചലനങ്ങൾ മൊത്തം ഓഹരി വിപണിയുടെ ചലനങ്ങൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു.ഇതുപോലെയുള്ള ഒരുപാട് സെക്ടർ വൈസ് ഇൻഡെക്സുകൾ വേറെയും ഉണ്ട്.


[courtesy: soujanya oharipadanam group ]

എന്താണ് 'ഓഹരി'? ഓഹരി നിക്ഷേപത്തിന്റെ നേട്ടം എന്താണ് ?

ഓഹരികളുടെ ലോകത്തേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും അടിസ്ഥാനപരമായി അറിയാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.

ഒരു കമ്പനിയുടെ മൂലധനത്തിനെ ചെറിയ ചെറിയ യൂണിറ്റുകളായി തിരിച്ചിട്ടുണ്ട്. അത്തരം ചെറിയ യൂണിറ്റുകളാണ് 'ഓഹരി'. സാധാരണ ഒരു യൂണിറ്റിന്റെ വില 10 രൂപയായിരിക്കും. കമ്പനിയുടെ ഉടമസ്ഥാവകാശം പ്രതിനിധാനം ചെയ്യുന്നതാണ് 'മൂലധനം'. അതുകൊണ്ട് തന്നെ ഓഹരി ഉടമകളെല്ലാം കമ്പനിയുടെ 'ഉടമസ്ഥരാണ്'.

ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിക്കുന്നതോടെ ഒരാള്‍ ആ കമ്പനിയുടെ ബിസിനസ്സില്‍  പങ്കാളിയാകുകയാണ്.

ഓഹരി ഉടമയ്ക്ക് രണ്ട് പ്രധാന സാമ്പത്തിക നേട്ടങ്ങളാണ് ഉണ്ടാകുന്നത്. ഒന്ന്: ലാഭത്തിന്റെ വിഹിതം കിട്ടും. 

അതാണ് 'ഡിവിഡന്റ്'. ഒപ്പം ഓഹരി വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ വിറ്റാല്‍ 'മൂലധനവര്‍ദ്ധനവും' കിട്ടും. ഇതില്‍ നിന്നും കിട്ടുന്ന വരുമാനത്തിന് ആദായനികുതി ആനുകൂല്യവും കിട്ടും.

ഇതിന് പുറമേ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാനും നിര്‍ണ്ണായക തീരുമാനങ്ങളില്‍ 'വോട്ട്' രേഖപ്പെടുത്താനും അവകാശമുണ്ട്. ഒരു ഓഹരി എടുത്തയാളിനും ഈ അവകാശങ്ങളെല്ലാം കിട്ടും.

എന്താണ് ഈ 'സെന്‍സെക്‌സും', 'നിഫ്റ്റിയും'?

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബി. എസ്. ഇ.), നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍. എസ്.ഇ.).

ഇതില്‍ ബി. എസ്. ഇ.യില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വിവിധ മേഖലകളിലെ മുപ്പത് ഓഹരികളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള ഓഹരി സൂചികയാണ് 'സെന്‍സെക്‌സ്  സെന്‍സിറ്റീവ് ഇന്‍ഡക്‌സ് എന്നതിന്റെ ചുരുക്കപ്പേരാണ് 'സെന്‍സെക്‌സ്'!

അതുപോലെ എന്‍. എസ്. ഇ. യില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അമ്പത് ഓഹരികളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള ഓഹരി സൂചികയാണ് 'നിഫ്റ്റി'. 'എന്‍. എസ്. ഇ. ഫിഫ്റ്റി' എന്നതിന്റെ ചുരുക്കമാണ് 'നിഫ്റ്റി'.

അപ്പോള്‍ 'സെന്‍സെക്‌സും', 'നിഫ്റ്റിയും' കുറഞ്ഞാല്‍ ഓഹരികളുടെ വില എല്ലാം കുറയില്ല അല്ലേ?

ഇല്ല. 'സെന്‍സെക്‌സും', 'നിഫ്റ്റിയും' നന്നായി കുറഞ്ഞാലും ചില കമ്പനികളുടെ ഓഹരിയുടെ വില കൂടി എന്നിരിക്കും. ഓഹരികളുടെ വിലയുടെ ഉയര്‍ച്ചയേയും താഴ്ചയേയും കുറിച്ച് പൊതുവിലുള്ള ഒരു സൂചകം മാത്രമാണ് 'സെന്‍സെക്‌സും', നിഫ്റ്റിയും'.

നമ്മള്‍ വാങ്ങിയ ഓഹരികള്‍ വില്‍ക്കാന്‍ കഴിയാതെ വരുമോ?

ഓഹരി വിലയില്‍ വ്യത്യാസം ഉണ്ടാകും എന്നതല്ലാതെ 'വാങ്ങാന്‍ അല്ലെങ്കില്‍ വില്‍ക്കാന്‍' ആളില്ലാത്ത അവസ്ഥ സാധാരണ ഉണ്ടാകാറില്ല.

 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (B.S.E) ഉം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(N.S.E.) ഉം ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചകൾ ആണ്.

NSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനത്തിൽ തെരെഞ്ഞെടുത്തിട്ടുള്ള 50 കമ്പനികളുടെ ഇൻഡക്സ് നെ ആണ് നിഫ്റ്റി എന്നു വിളിക്കുന്നത്

ബി.എസ്.ഈ യിലേത് സെൻസെക്‌സ് എന്നും വിളിക്കുന്നു.ഇത് 30 കമ്പനികളെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയത് ആണ്.

സെബി (securities exchange board of india) എന്നത് സെക്യൂരിറ്റി മാർക്കറ്റ് കളെ നിയന്ത്രിക്കുന്ന  ഏജൻസിയും.