1956ലെ ഇന്ത്യന്‍ കമ്പനി നിയമം അനുസരിച്ച് പബ്ലിക് കമ്പനികള്‍ക്ക് കമ്പനിക്ക് പുറമെയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി നല്‍കി പണം സമാഹരിക്കുവാന്‍ അധികാരമുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന പണമാണ് കമ്പനിയുടെ മൂലധനം. ഇങ്ങനെ ഒരു കമ്പനി നേരിട്ട് പൊതു ജനങ്ങൾക്ക് ഷെയറുകൾ ഇഷ്യൂ ചെയ്യുന്ന മാർക്കറ്റിനെയാണ് പ്രൈമറി മാർക്കറ്റ് എന്ന് വിളിക്കുന്നത്. കമ്പനിയുടെ വിൽക്കാൻ ഉദ്ദേശിക്കുന്ന മൂലധനത്തെ ഒരു നിശ്ചിത അനുപാതത്തിൽ, ഒരു നിശ്ചിത വില നിർവചിച്ചു കൊണ്ട് വിഭജിച്ചു നൽകുന്നതിനെ ആണ് ഷെയർ അല്ലെങ്കിൽ ഓഹരി എന്ന് പറയുന്നത്. കമ്പനികളുടെ ഓഹരി കൈവശം ഉള്ള ആളുകളെ പറയുന്ന പേരാണ് ഷെയർ ഹോൾഡർ.
അങ്ങനെ നമ്മൾ ആ കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ വാങ്ങുന്ന തോടെ നമ്മൾ ആ കമ്പനിയുടെ ഉടമസ്ഥന്മാരിൽ ഒരാളായി മാറുന്നു.
ആദ്യ കാലത്ത്, ഇങ്ങനെ നിക്ഷേപിക്കുന്ന പണം നിക്ഷേപകന് കമ്പനി അടച്ചുപൂട്ടുന്ന സമയത്ത് മാത്രമേ തിരിച്ചു കിട്ടുമായിരുന്നുള്ളൂ. ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം അത് നൂറ്റാണ്ടുകളോളം നിലനില്‍ക്കുമെന്നതിനാല്‍ നിക്ഷേപകന് മുടക്കിയ പണം തിരിച്ച് കിട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. അങ്ങനെ വരുമ്പോൾ ഈ കമ്പനികളിൽ നിക്ഷേപിക്കാൻ ആളുകൾക്ക് താല്പര്യം കുറവായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?.
എന്നാല്‍ രാജ്യത്ത് വലിയ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ ഉയര്‍ന്നു വരണമെങ്കില്‍ ധാരാളം മൂലധനം ആവശ്യമാണ്. അതിനായി കൂടുതല്‍ വ്യക്തികളും സംരംഭങ്ങളും കമ്പനികളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായേ മതിയാകൂ. ഇതിനാവശ്യമായ സാഹചര്യം രാജ്യത്തില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെക്കന്ററി മാർക്കറ്റ് അല്ലെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിലവിൽ വരുന്നത്. ഓഹരി വിപണി എന്ന് നമ്മൾ പൊതുവായി വിളിക്കുന്നത് ഈ സെക്കണ്ടറി മാർക്കറ്റിനെയാണ്.
പബ്ലിക് ലിസ്റ്റഡ് ആയ കമ്പനികളുടെ ഓഹരികൾ വിൽക്കുകയും വാങ്ങുകയും നടക്കുന്ന സ്ഥലത്തെ അല്ലെങ്കിൽ പ്ലാറ്റ്ഫോമിനെ അല്ലെങ്കിൽ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിനെ ആണ് ഓഹരി വിപണി (ഷെയർ മാർക്കറ്റ്) എന്ന് വിളിക്കുന്നത്.
സെൻട്രൽ ഗവണ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI ) ആണ് ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുകയും നമ്മുടെ പണം സുരക്ഷിതമായി ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നത്.
കമ്പനികളുടെ ഓഹരികള്‍ വാങ്ങുവാനും ആവശ്യമുള്ളപ്പോള്‍ വില്‍ക്കുവാനും ഓഹരി വിപണി അവസരം നല്‍കുന്നു. വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികള്‍ മാത്രമേ ഇങ്ങനെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി വാങ്ങാനും വിൽക്കാനും സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെടണമെങ്കില്‍ കമ്പനികള്‍ സെബിയുടെയും എക്സ്ചേഞ്ചുകളുടെയും ഒത്തിരി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ പല നിര്‍ദ്ദേശങ്ങളും നിക്ഷേപകന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.
ഇന്ത്യയിലെ രണ്ട് പ്രധാന സ്റ്റോക്ക് എക്സ്ചെയ്ഞ്ചുകൾ ആണ് നാഷണൽ സ്റ്റോക്ക് എക്സ്ചെയ്ഞ്ചും ( NSE) ബോംബെ സ്റ്റോക്ക് സ്റ്റോക്ക് എക്സ്ചെയ്ഞ്ചും (BSE). ഓഹരി വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ മുകളിൽ പറഞ്ഞ സ്റ്റോക്ക് എക്സ്ചെയ്ഞ്ചുകളിൽ രജിസ്റ്റർ ചെയ്യപ്പെടുകയും അതിലൂടെ അവരുടെ ഓഹരികൾ പൊതു ജനങ്ങൾക്ക് വാങ്ങാനും വിൽക്കാനും ലഭ്യമാവുകയും ചെയ്യുന്നു. ചില കമ്പനികൾ ഈ രണ്ടു എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യുമ്പോൾ ചില കമ്പനികൾ ഏതെങ്കിലും ഒന്നിൽ മാത്രമാവും ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിൽ ഒരു എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയ ഷെയറുകൾ ആ എക്സ്ചേഞ്ചിൽ മാത്രമല്ല, രണ്ടാമത്തെ എക്സ്ചേഞ്ചിലും നമുക്ക് വിൽക്കാൻ സാധിക്കും.
എന്തിനാണ് നമ്മൾ ഓഹരികൾ വാങ്ങുന്നത്?
പ്രധാനമായും രണ്ടു ഗുണങ്ങളാണ് ഓഹരി വാങ്ങുന്നത് വഴി ഷെയർ ഹോൾഡറിന് ലഭിക്കുന്നത്
ഓഹരിവില ഉയരുമ്പോൾ ഉണ്ടാകുന്ന ലാഭം
കമ്പനി നൽകുന്ന ഡിവിഡൻറ്
ആരാണ് സ്റ്റോക്ക് ബ്രോക്കർ?
സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ അംഗങ്ങളാണ് ബ്രോക്കർമാർ. സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിൽ നിന്നുകൊണ്ട് വാങ്ങലും വില്പനയും നടത്താൻ അനുവാദമുള്ളത് ഇവർക്ക് മാത്രമാണ്. ആദ്യമായി ഒരു കമ്പനി ഷെയറുകൾ പുറത്തിറക്കുമ്പോൾ (IPO) അത് നമുക്ക് കമ്പനിയിൽ നിന്ന് (മർച്ചന്റ് ബാങ്കർ വഴി) നേരിട്ട് വാങ്ങാമെങ്കിലും പിന്നീട് അത് വിൽക്കുകയും വാങ്ങുകയും ചെയ്യണമെങ്കിൽ ബ്രോക്കർ വഴി മാത്രമേ സാധിക്കൂ. ഓഹരി വിപണിയിലൂടെ ഇടപാടുകൾ നടത്താൻ നമ്മൾ ഒരു ഡെപ്പോസിറ്ററിയിൽ (NSDL / CDSL ) ഡീമാറ്റ് അക്കൗണ്ടും ബ്രോക്കറുടെ അടുത്ത് ട്രേഡിങ്ങ് അക്കൗണ്ടും തുടങ്ങേണ്ടതുണ്ട്. ഇത് രണ്ടും തുടങ്ങാനും ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാനും ബ്രോക്കർ നമ്മെ സഹായിക്കുന്നു.
സെൻസെക്സ് നിഫ്റ്റി എന്നിവ എന്താണ്?
സെൻസെക്‌സും നിഫ്റ്റിയും ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു ഓഹരി സൂചികകളാണ്. ഓഹരിവിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാണിക്കുന്ന ഒരു സ്ഥിതിവിവരക്കണക്കാണ് സ്റ്റോക്ക് മാർക്കറ്റ് സൂചിക. ബോംബെ സ്റ്റോക്ക് എക്ഷ്ചേഞ്ചിന്റെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്സ് (സെൻസിറ്റിവ് ഇൻഡെക്സ്). തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ (free-float Market Capitalization) അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത്. വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചികയാണ് നിഫ്റ്റി. അൻപത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് നിഫ്റ്റി മൂല്യം കണക്കാക്കുന്നത്. തിരഞ്ഞെടുത്ത കുറച്ച് ഷെയറുകളുടെ വില മാത്രമെടുത്താണ് സെൻസെക്‌സും നിഫ്റ്റിയും കണക്കു കൂട്ടുന്നതെങ്കിലും ഈ ഇൻഡെക്സുകളിൽ ഉണ്ടാവുന്ന ചലനങ്ങൾ മൊത്തം ഓഹരി വിപണിയുടെ ചലനങ്ങൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു.ഇതുപോലെയുള്ള ഒരുപാട് സെക്ടർ വൈസ് ഇൻഡെക്സുകൾ വേറെയും ഉണ്ട്.
[courtesy: soujanya oharipadanam group ]