മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ട്? അഡൈ്വസര്‍ പറഞ്ഞു തരുന്നത് അപ്പാടെ സ്വീകരിക്കുകയാണോ പതിവ്? എങ്കില്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്ലാന്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. തുക മുഴുവനായും തവണകളായും നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പ്ലാനുകളുണ്ട്. ഒരേ ഫണ്ട് ഫാമിലിയിലുള്ള മറ്റു ഫണ്ടുകളിലും നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന ഫണ്ടുകളും വിപണിയില്‍ സുലഭം. നിക്ഷേപകന്റെ ആവശ്യവും സാഹചര്യവുമനുസരിച്ച് പ്ലാനുകള്‍ തെരഞ്ഞെടുക്കണം. വിവിധ തരം പ്ലാനുകള്‍ പരിചയപ്പെടാം.
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്.ഐ.പി.)
മാസം തോറും നിശ്ചിത തുകനിക്ഷേപിക്കാന്‍ ഈ പ്ലാന്‍ അവസരമൊരുക്കുന്നു. 500 രൂപ മുതല്‍ നിക്ഷേപകന്റെ പോക്കറ്റിന്റെ കനം അനുസരിച്ച് നിക്ഷേപം നടത്താം. നിക്ഷേപകന്റെ ബാങ്ക് എക്കൗണ്ടില്‍ നിന്ന് നിശ്ചയിക്കപ്പെട്ട പ്രകാരം നിശ്ചിത തുക നിക്ഷേപത്തിലേക്ക് പോയിക്കൊണ്ടിരിക്കും. വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുമ്പോള്‍ ഇതൊരു നല്ല സമ്പാദ്യ ശീലമാണ്. വന്‍തുക ഒറ്റ തവണ നിക്ഷേപിക്കാന്‍ സാധിക്കാത്ത ചെറുകിട നിക്ഷേപകര്‍ക്കും ഇത് പ്രയോജനപ്രദമാണ്.
സിസ്റ്റമാറ്റിക്ക് വിഡ്രോവല്‍ പ്ലാന്‍ (എസ്.ഡബ്ല്യൂ.പി)
നിലവിലെ മ്യൂച്വല്‍ ഫില്‍ നിന്ന് മുന്‍കൂട്ടി നിശ്ചയിച്ച ഇടവേളകളില്‍ നിക്ഷേപകന് പണം പിന്‍വലിക്കാന്‍ കഴിയുന്നുയെന്നതാണ് എസ്.ഡബ്ല്യൂ.പിയുടെ നേട്ടം. നെറ്റ് അസറ്റ് വാല്യു അടിസ്ഥാനമാക്കിയാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. മന്ത്‌ലി ഇന്‍കം പ്ലാനില്‍ നിന്നുംതികച്ചും വ്യത്യസ്തമാണ് എസ്.ഡബ്ല്യൂ.പി എന്ന് ഓര്‍ത്തിരിക്കുക. എസ്.ഡബ്ല്യൂ.പി നിക്ഷേകന് ലാഭം കൈമാറുമ്പോള്‍ മന്ത്‌ലി ഇന്‍കം പ്ലാന്‍ നിക്ഷേപകന് ആദായം മാത്രം നല്‍കുന്നു.
സിസ്റ്റമാറ്റിക്ക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (എസ്.റ്റി.പി)
ഒരേ ഫണ്ട് ഗണത്തിലുള്ള ഒരു സ്‌കീമില്‍ നിന്ന് മറ്റൊരു സ്‌കീമിലേക്ക് നിക്ഷേപകന് നിശ്ചിത തുക കൃത്യമായി കൈമാറ്റം ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന പ്ലാനാണ് എസ്.റ്റി.പി. വിപണി ഇടിയുന്ന അവസരങ്ങളില്‍ ഇത് നിക്ഷേപകര്‍ക്ക് അനുയോജ്യമായ പ്ലാന്‍ ആണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹൈ റിസ്‌ക് ഓഹരികളില്‍ നിന്നും ലോ റിസ്‌ക് ഫുകളിലേക്ക് മാറാന്‍ സാധിക്കും എന്നതിനാല്‍ നിങ്ങളുടെ നിക്ഷേപത്തെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനാകും. വിപണി അനുകൂല ട്രെന്‍ഡ് കാണിക്കുമ്പോള്‍ ലോ ഫണ്ടുകളില്‍ നിന്ന് ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറാനും സാധിക്കും.
ഓട്ടോമാറ്റിക്ക് റീ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എ.ആര്‍.പി)
മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതമോ മറ്റ് ആനുകൂല്യങ്ങളോ വീണ്ടും അതേ ഫണ്ടില്‍ നിക്ഷേപിക്കാന്‍ എ.ആര്‍.പി അവസരമൊരുക്കുന്നു. കോമ്പൗണ്ടിഗിലൂടെ കൂടുതല്‍ നേട്ടം കൊയ്യാന്‍ ഈ പ്ലാനിലൂടെ നിക്ഷേപകനു കഴിയും.
(courtesy: dhanam)